പ്രളയം; പ്രധാനമന്ത്രി പഞ്ചാബ് സന്ദർശിക്കും
Sunday, September 7, 2025 1:05 PM IST
അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ ഒൻപതിന് പഞ്ചാബ് സന്ദർശിക്കും. പ്രളയബാധിത പ്രദേശങ്ങൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യുന്നതിനുമായാണ് അദ്ദേഹം എത്തുന്നത്.
ഉത്തരേന്ത്യയിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് സത്ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞതോടെയാണ് പഞ്ചാബിൽ വെള്ളപ്പൊക്കമുണ്ടായത്."ഈ പ്രതിസന്ധിയിൽ പഞ്ചാബ് ഒറ്റയ്ക്കാകില്ല' എന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്.
കൃഷിയിടങ്ങളിലെ ചെളി നീക്കം ചെയ്യൽ, രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയൽ, വെള്ളപ്പൊക്കം കുറഞ്ഞുകഴിഞ്ഞാൽ ചത്ത മൃഗങ്ങളെ സുരക്ഷിതമായി സംസ്കരിക്കുന്നത് ഉറപ്പാക്കുക തുടങ്ങിയ അടിയന്തര വിഷയങ്ങളിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രവും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.