പുൽപ്പള്ളി കേസിൽ വഴിത്തിരിവ്; തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് കണ്ടെത്തൽ
Sunday, September 7, 2025 2:45 PM IST
വയനാട്: പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശിയുടെ വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ വൻവഴിത്തിരിവ്.
പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ട ആൾ നിരപരാധിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. തങ്കച്ചനെ കേസിൽ കുടുക്കിയതിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് ആണെന്നാണ് ഉയരുന്ന ആരോപണം
22ന് രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പോലീസ് പ്രാദേശിക കോൺഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടിൽ പരിശോധന നടത്തിയത്. പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. ട
ഉടൻതന്നെ പോലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തു. കള്ളക്കേസ് ആണെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് എന്ന സംശയം ഉണ്ടെന്നും തങ്കച്ചനും കുടുംബവും പറഞ്ഞെങ്കിലും പോലീസ് മുഖവിലക്കെടുത്തില്ല. അറസ്റ്റ് ചെയ്ത തങ്കച്ചനെ പോലീസ് വൈത്തിരി സബ്ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ 17 ദിവസമായി വൈത്തിരി സബ്ജയിൽ തങ്കച്ചൻ കഴിയുന്നതിനിടെയാണ് വഴിത്തിരിവ് ഉണ്ടായത്. കർണാടകയിൽ നിന്നും മദ്യം വാങ്ങിയ മരക്കടവ് സ്വദേശി പ്രസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഭിന്നതയും വ്യക്തിവൈരാഗ്യവും ഉണ്ടെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. കള്ളക്കേസ് എന്ന് ആരോപിച്ച് എസ്പിക്ക് പരാതി നൽകിയിരുന്നുവെന്നും പോലീസ് കൃത്യമായ അന്വേഷിച്ചിരുന്നെങ്കിൽ ഭർത്താവിന് ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് തങ്കച്ചന്റെ ഭാര്യ സിനി പറഞ്ഞു.
അതേസമയം, തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞ സാഹചര്യത്തിൽ വിട്ടയക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതായി പോലീസ് വ്യക്തമാക്കി. നേരത്തെ മുള്ളൻകൊല്ലിയിൽ വച്ച് നടന്ന പാർട്ടി യോഗത്തിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന് മർദ്ദനമേറ്റിരുന്നു.
കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് കൈയാങ്കളിയിലേക്ക് നയിച്ചത്. ഇതിലെ വൈരാഗ്യമാണ് തങ്കച്ചൻ എതിരായി ഉയർന്ന കേസിന് പിന്നിലെന്നാണ് ആരോപണം.