പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട, ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
Sunday, September 7, 2025 5:03 PM IST
കൊച്ചി: കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാൽ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈൽ റാണ (20) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അടുത്ത കാലത്തായി ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ഒഡീഷയിൽ നിന്ന് കിലോക്ക് 2000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ 25,000 രൂപ മുതൽ 30,000 രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്.