വെർച്വൽ അറസ്റ്റ്; വീട്ടമ്മയുടെ പണംതട്ടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും
Sunday, September 7, 2025 5:46 PM IST
കൊച്ചി: വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയുടെ 2.88 കോടി രൂപ തട്ടിയെടുത്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
തട്ടിപ്പുകാർ ഉഷാകുമാരിയെ ഫോണിൽ വിളിച്ച് അവർ ഒരു കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കാനായി സുപ്രീംകോടതിയുടെയും സിബിഐയുടെയും വ്യാജ എംബ്ലങ്ങളുള്ള പേപ്പറുകൾ അയച്ചുകൊടുത്തിരുന്നു.
ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ പിഴയടയ്ക്കണമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തുടർന്ന് ഉഷാകുമാരി തന്റെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വെച്ചുകിട്ടിയ പണവും ഉൾപ്പെടെ 2.88 കോടി രൂപ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു.