ഏഷ്യാ കപ്പ് ഹോക്കി; കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ
Sunday, September 7, 2025 9:50 PM IST
രാജ്ഗിര്‍: ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ ജേതാക്കൾ. കലാശപ്പോരിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിൽ മുത്തമിടുന്നത്.
ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി. മത്സരം ആരംഭിച്ചതു മുതൽ ആക്രമിച്ച് കളിച്ച് ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടു. സുഖ്ജീത് സിംഗാണ് ഇന്ത്യയ്ക്കായി വലകുലുക്കിയത്.
പിന്നീട് പലതവണ ദക്ഷിണ കൊറിയന്‍ ഗോള്‍മുഖത്ത് ഇന്ത്യന്‍ താരങ്ങള്‍ ഇരച്ചെത്തി. ആദ്യ പകുതിയുടെ രണ്ടാം ക്വാർട്ടറിൽ ദിൽപ്രീത്സിംഗിലൂടെ ഇന്ത്യ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 0-2 മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ ദിൽപ്രീത് സിംഗ് ഇന്ത്യയ്ക്കായി മൂന്നാം ഗോളും നേടി. പിന്നാലെ അമിത് രോഹിദാസിലൂടെ വീണ്ടും ഇന്ത്യ ലീഡ് ഉയർത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ കൊറിയയുടെ സോൺ ഡേയ്ൻ ഒരു ഗോൾ മടക്കി.
ടൂര്‍ണമെന്റിലുടനീളം ആധികാരിക പ്രകടനം പുറത്തെടുത്ത ഇന്ത്യ ഫൈനലിലും ആ മികവ് ആവര്‍ത്തിച്ചു. 2003, 2007, 2017 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതുനു മുന്‍പ് ചാമ്പ്യൻമാരായത്.