പോലീസിൽ അരാജകത്വം, ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ഉപജാപക സംഘങ്ങൾ: ചെന്നിത്തല
Sunday, September 7, 2025 10:08 PM IST
തിരുവനന്തപുരം: കേരളത്തിൽ ആഭ്യന്തര വകുപ്പിൽ അരാജകത്വം അഴിഞ്ഞാടുമ്പോൾ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഉപജാപക സംഘങ്ങളെ കൂടുതുറന്നുവിട്ട് അവരെക്കൊണ്ട് പോലീസിനെ ക്രിമിനൽ വൽക്കരണം നടത്തുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണം. എങ്ങിനെയാണ് കേരളാ പോലീസ് ഇത്രയും സമ്പൂർണ അരാജകാവസ്ഥയിലേക്ക് എത്തിപ്പെട്ടത് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം.
കാക്കിയിട്ട ഒരു പറ്റം ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. കേരളത്തിന്റെ പുകഴ്പെറ്റ പോലീസ് സേനയുടെ മുഴുവൻ സൽപ്പേരും ഈ ക്രിമിനൽ സംഘം നശിപ്പിക്കുകയാണ്. ഇവരെ കയറൂരി വിട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘങ്ങളാണ്.
കാക്കിയെന്നാൽ എന്തു ക്രിമിനൽ പരിപാടിയും ചെയ്യാൻ ഉള്ള ലൈസൻസ് ആണെന്നു കരുതുന്ന ഈ ക്രിമിനലുകളെ എത്രയും പെട്ടെന്ന് സർവീസിൽ നിന്ന് പിരിച്ചു വിട്ട് പോലീസിനെ ശുദ്ധീകരിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
പോലീസ് എന്നാൽ ജനസേവകരാണ്. അതിന്റെ അർഥമറിയാത്തവർ ഇനി സർവീസിൽ വേണ്ട.
സമരം ചെയ്യുന്ന പൊതു പ്രവർത്തകരുടെ തല അടിച്ചു പൊട്ടിക്കുന്ന ഒരു സംഘം ക്രിമിനൽ പോലീസുകാരും ഉണ്ട്. അവരും സൂക്ഷിക്കുന്നത് നല്ലത്.
ജനങ്ങളും പ്രതിപക്ഷവും നിങ്ങളെ അതി ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. മറക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.