കാർലോ അക്കുത്തിസും ഫ്രസാത്തിയും ഇനി വിശുദ്ധാരാമത്തിൽ
Sunday, September 7, 2025 10:34 PM IST
വത്തിക്കാൻ സിറ്റി: പ്രത്യാശയുടെ വർഷത്തിൽ സാർവത്രികസഭയ്ക്കു പ്രതീക്ഷയേകി കാർലോ അക്കുത്തിസും പിയെർ ജോർജോ ഫ്രസാത്തിയും ഇനി വിശുദ്ധർ.
ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ, ദൈവത്തിന്റെ ഇൻഫ്ളുവൻസർ, ആദ്യ മില്ലേനിയൽ വിശുദ്ധൻ തുടങ്ങിയ വിശേഷങ്ങളോടെയാണു കാർലോ അക്കുത്തിസ് തിരുസഭയുടെ വിശുദ്ധാരാമത്തിലേക്ക് എത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അല്മായ സംഘടനയായ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധൻ, ഹ്രസ്വജീവിതം വഴി ചുറ്റുമുള്ളവരിൽ അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച വ്യക്തിത്വം, സന്പത്തിൽ മതിമറക്കാതെ അതു ദൈവദാനമായി കണ്ട് ചുറ്റുപാടുമുള്ളവർക്കായി പങ്കുവച്ച വലിയ മനസിന്റെ ഉടമ തുടങ്ങിയ വിശേഷണങ്ങളോടെ പിയെർ ജോർജോ ഫ്രസാത്തിയും വിശുദ്ധരുടെ ഗണത്തിലേക്ക് എത്തുന്നു.
ഇന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങുകളിൽ 15കാരനായ അക്കുത്തിസിനെയും 24കാരനായ ഫ്രസാത്തിയെയും ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചപ്പോൾ ചത്വരം തിങ്ങിനിറഞ്ഞ യുവജനങ്ങളുൾപ്പെടെയുള്ള പതിനായിരങ്ങൾ സന്തോഷാധിക്യത്താൽ കരഘോഷം മുഴക്കുകയും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളുടെ ദേശീയപതാകകൾ വീശി സന്തോഷനിമിഷത്തിൽ പങ്കുചേരുകയും ചെയ്തു.
ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30ന്(വത്തിക്കാൻ സമയം രാവിലെ 10) ആരംഭിച്ച തിരുക്കർമ്മങ്ങൾ രണ്ടു മണിക്കൂർ നീണ്ടുനിന്നു. തിരുസഭയുടെ പരമാധ്യക്ഷനായി ലെയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റ് നാലുമാസത്തിനുള്ളിൽ നടക്കുന്ന ആദ്യത്തെ നാമകരണച്ചടങ്ങായിരുന്നു ഇന്ന് വത്തിക്കാനിൽ നടന്നത്. ഒരു വിശുദ്ധന്റെ നാമകരണചടങ്ങിൽ ആ പുണ്യാത്മാവിന്റെ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന അത്യപൂർവ കാഴ്ചയ്ക്കും വത്തിക്കാൻ വേദിയായി.
കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പിതാവ് ആൻഡ്രിയ അക്കുത്തിസ്, അമ്മ അന്റോണിയോ സൽസാനോ, സഹോദരി അന്റോണിയ അക്കുത്തിസ്, ഇളയ സഹോദരൻ മൈക്കിൾ അക്കുത്തിസ് എന്നിവരും മറ്റും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
കുടുംബാംഗങ്ങൾ വിശുദ്ധ കുർബാനയ്ക്കിടെയുള്ള പ്രതിവചന സങ്കീർത്തനം ചൊല്ലുകയും കാഴ്ചവയ്പിൽ പങ്കെടുക്കുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കിടെ പഴയനിയമ വായന നടത്തിയത് കാർലോ അക്കുത്തിസിന്റെ ഇളയ സഹോദരനായ മൈക്കിൾ അക്കുത്തിസായിരുന്നു.
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രത്യേകം സജ്ജമാക്കിയ അൾത്താരയിലായിരുന്നു തിരുക്കർമ്മങ്ങൾ. തിരുക്കർമ്മങ്ങൾക്കുമുന്നോടിയായി മുഖ്യകാർമികനായ മാർപാപ്പയും കർദിനാൾമാരും പ്രദക്ഷിണമായി ചത്വരത്തിലേക്ക് പ്രവേശിക്കവെ ചത്വരത്തെ ഭക്തിദീപ്തിയിലാക്കി പ്രവേശനഗാനം മുഴങ്ങി.
36 കർദിനാൾമാരും 270 ബിഷപ്പുമാരും 2000ത്തോളം വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമികരായിരുന്നു. ത്രിസന്ധ്യാപ്രാർഥനയോടെയും മരിയൻ ഗാനാലാപനത്തോടെയുമാണ് ചടങ്ങുകൾക്കു പരിസമാപ്തി കുറിച്ചത്. തിരുക്കർമ്മങ്ങൾക്കുശേഷം ലെയോ പതിനാലാമൻ മാർപാപ്പ പോപ് മൊബീലിൽ എത്തി വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ആശീർവദിക്കുകയും ചെയ്തു.
ജീൻസും ടീഷർട്ടും ധരിക്കുന്ന, ഫുട്ബോൾ കളിക്കുന്ന, ഇന്റർനെറ്റ് ഉപയോഗിക്കുന്ന, മൊബൈൽഫോണ് ഉപയോഗിക്കുന്ന, കൂളിംഗ് ഗ്ലാസ് ധരിച്ച് ചുറ്റിക്കറങ്ങുന്ന, ഒപ്പം ദിവ്യകാരുണ്യത്തെയും സഭയെയും ജപമാലയെയും നെഞ്ചോടുചേർത്തുപിടിക്കുന്ന വിശുദ്ധനെയാണു കാർലോ അക്കുത്തിസിലൂടെ തിരുസഭാമാതാവ് ലോകത്തിനുമുന്നിൽ വെളിപ്പെടുത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ചരിത്രം കണ്ണിചേർത്ത വെബ്സൈറ്റായിരുന്നു അവന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെട്ട പ്രവൃത്തി.
രക്താർബുദം ബാധിച്ച് കിടപ്പിലായി 15-ാം വയസിൽ മരിക്കുന്നതിനുമുന്പ് ചെയ്തുതീർത്ത ഈ കൊച്ചുവിശുദ്ധന്റെ ആത്മീയത വെളിപ്പെടുത്തിയ പദ്ധതിയായിരുന്നു ഈ ദിവ്യകാരുണ്യ വെബ്സൈറ്റ്. ലോകത്തിലെ ഏറ്റവും വലിയ അല്മായ സംഘടനയായ വിൻസെന്റ് ഡിപോൾ സൊസൈറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനാണ് ഇറ്റലിക്കാരനായ 24കാരൻ ജോർജോ ഫ്രസാത്തി.
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 1901 ഏപ്രിൽ ആറിന് ഇറ്റലിയിലെ ടൂറിനിൽ ജനിച്ച പിയെർ ജോർജോ ഫ്രസാത്തി തന്റെ ഹ്രസ്വ ജീവിതം വഴി ചുറ്റുമുള്ളവരിൽ ഒരു അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ചു. പാവങ്ങളിലേക്കും അശരണരിലേക്കും കൂടെ പഠിക്കുന്ന നിർധനരായ കൂട്ടുകാരിലേക്കും രോഗികളിലേക്കും അവാച്യമായൊരു കാന്തികശക്തിപോലെ ജോർജോ ഫ്രസാത്തി ഓടിച്ചെന്നു തന്നാലാവുന്നവിധം, പലപ്പോഴും സ്വന്തം വസ്ത്രവും ഷൂസുംപോലും കൊടുത്തു.
അങ്ങനെ അദ്ദേഹത്തിന്റെ പരസ്നേഹപ്രവർത്തനങ്ങൾക്കിടെ പോളിയോ ബാധിതനായി 1925 ജൂലൈ നാലിന് 24-ാം വയസിൽ മരണമടഞ്ഞു. ടൂറിനിലെ ആയിരക്കണക്കിനു ദരിദ്രർ ആ മരണത്തിൽ ഞെട്ടിത്തരിച്ച് ദുഃഖാർത്തരായി തെരുവീഥികളിൽ അണിനിരന്നു കണ്ണീർ വാർക്കുന്നതു കണ്ടതോടെയാണു അദ്ദേഹം ആരുമറിയാതെ ആരേയും അറിയിക്കാതെ ചെയ്ത ജീവകാരുണ്യപ്രവൃത്തികളുടെ വ്യാപ്തി ലോകമറിയുന്നത്.