നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Sunday, September 7, 2025 11:06 PM IST
കാസർഗോഡ്: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ. നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ. രവിയുടെയും സീനയുടെയും ഏകമകളാണ്. ഇന്നു രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മ സീനയ്ക്ക് അയച്ചിരുന്നു.
സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മേൽപറമ്പ് പോലീസ് കേസെടുത്തു.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി.