വയനാട്ടിൽ യുവതിയുടെ മാല പിടിച്ചുപറിച്ചു കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ
Monday, September 8, 2025 12:45 AM IST
സുല്‍ത്താന്‍ബത്തേരി: വയനാട് കുപ്പാടിയിൽ കൂട്ടുകാര്‍ക്കൊപ്പം ഗേള്‍സ് ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയുടെ മാല പിടിച്ചുപറിച്ചു കടന്നുകളഞ്ഞ യുവാവ് പിടിയിൽ. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിലെ ബിനുവിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് രാത്രിയായിരുന്നു സംഭവം.
തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിച്ചാണ് പ്രതി എത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കുപ്പാടിയിലെ ഗേള്‍സ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന മടക്കിമല സ്വദേശിനിയുടെ സ്വര്‍ണ മാലയാണ് അപഹരിച്ചത്.
അര പവന് തൂക്കം വരുന്ന മാലയാണ് തട്ടിപ്പറിച്ചത്. മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ റോഡിലേക്ക് തള്ളിയിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസിന് ലഭിച്ച സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.