സംസ്ഥാനത്ത് ഗുണ്ട-പോലീസ് കളി തുടരും
സ്വന്തം ലേഖകൻ
Monday, September 8, 2025 5:33 AM IST
തിരുവനന്തപുരം: ഗുണ്ടാ-ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സേനയുടെ ഭാഗമായി വിഹരിക്കുന്നു. സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനിൽ നിയമനം നൽകരുതെന്നും നിർദേശിച്ച ഉദ്യോഗസ്ഥരും വിവിധ പോലീസ് സ്റ്റേഷനുകളിലായി ജോലി നോക്കുന്നു.
ഗുണ്ടകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ പ്രഹസനമെന്നാണ് പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥർവരെ ഗുണ്ടാബന്ധവുമായി ബന്ധപ്പെട്ടു വിവിധ റിപ്പോർട്ടുകളിൽ ഇടം നേടിയിരുന്നു. ഗുരുതര ക്രിമിനൽ കേസുകളിൽ ആരോപണവിധേയരാകുന്പോൾ സസ്പെൻഷൻ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെങ്കിലും ആറു മാസം മാത്രം പുറത്തുനിന്ന ശേഷം വീണ്ടും സേനയുടെ ഭാഗമാകും.
മണൽ മാഫിയ, റിയൽ എസ്റ്റേറ്റ് മാഫിയകൾ, ഗുണ്ടാസംഘങ്ങൾ തുടങ്ങിയവരുമായി നിരന്തരബന്ധം പുലർത്തുകയും മാസപ്പടി അടക്കം കൈപ്പറ്റുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഇന്റലിജൻസ് വിഭാഗം സർക്കാരിനു കൈമാറിയിരുന്നു. എന്നാൽ, ഇവരിൽ ഭൂരിഭാഗത്തിനും എതിരേ നടപടിയുണ്ടായില്ല. സിപിഎമ്മിലെ പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ടുള്ളവർക്കെതിരേയാണ് ഇനിയും നടപടി സ്വീകരിക്കാത്തത്.
ആദ്യഘട്ടത്തിൽ ഗുണ്ടാ-മാഫിയ ബന്ധവുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണമുയർന്ന 23 പോലീസുകാരെ സർവീസിൽനിന്നു പിരിച്ചു വിട്ടിരുന്നു. എന്നാൽ, തുടർന്ന് അച്ചടക്കനടപടിയുണ്ടായില്ല. കഴിഞ്ഞ വർഷം കുപ്രസിദ്ധ ഗുണ്ടയുടെ റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട ഒത്തുതീർപ്പിനു ശ്രമിക്കുകയും വിവാദമാകുകയും ചെയ്ത സംഭവത്തിൽ രണ്ടു ഡിവൈഎസ്പിമാരെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇവരെ സർവീസിൽ തിരിച്ചെടുത്തു.
മണൽ- പാറ മാഫിയകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ ഒരു സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുകയും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളികളായെന്നു കണ്ടെത്തിയ ഏതാനും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇവരും സർവീസിൽ തിരിച്ചെത്തി. ഇവരിൽ ചിലർ ഇപ്പോൾ പരാതി ഉയർന്ന സ്റ്റേഷനിൽ തന്നെ ജോലി നോക്കുന്നതായും ആരോപണമുണ്ട്. പോലീസ് സേനയിലെ 850ലേറെ ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനിൽ കേസുകൾ നിലവിലുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ.