കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം; ഒമാനെ ഷൂട്ടൗട്ടില്‍ വീഴിച്ചു
Monday, September 8, 2025 10:00 PM IST
ഹിസോര്: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (കാഫ) നേഷന്‍സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. 55-ാം മിനിറ്റില്‍ ജമീല്‍ അല്‍ യഹ്മദി നേടിയ ഗോളിലൂടെ ഒമാന്‍ മുന്നിലെത്തി. പിന്നീട് ഇന്ത്യ നടത്തിയത് തിരിച്ചടിക്കാനുള്ള ശ്രമങ്ങളായിരുന്നു.
80-ാം മിനിറ്റില്‍ ഇന്ത്യ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനില നേടിയത്. പിന്നീട് അധിക സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.