ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഇന്ന്; 52 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുക്കും
Tuesday, September 9, 2025 3:49 AM IST
ആറന്മുള: ഉത്തൃട്ടാതി ജലോത്സവം ഇന്ന്. പന്പാനദിയുടെ ആറന്മുള നെട്ടായത്തിലാണ് ജലോത്സവം നടക്കുക. ഉച്ചകഴിഞ്ഞ് 1.30ന് ജലഘോഷയാത്ര ആരംഭിക്കും. പന്പയുടെ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള കരകളിൽ നിന്നുള്ള 52 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുക്കും.
ക്ഷേത്രക്കടവിലെത്തി ആചാരങ്ങൾ പൂർത്തിയാക്കി പൂമാല സ്വീകരിച്ചെത്തുന്ന പള്ളിയോടങ്ങളുടെ ജലഘോഷയാത്ര സത്രക്കടവിൽ നിന്നാണ് ആരംഭിക്കുന്നത്. പള്ളിയോടങ്ങളുടെ വലിപ്പം അടിസ്ഥാനമാക്കി എ, ബി ബാച്ചുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സരവും ക്രമീകരിച്ചിരിക്കുന്നത്.
താരതമ്യേന വലിയ വള്ളങ്ങൾ ഉൾപ്പെടുന്ന എ ബാച്ചിൽ 35 എണ്ണവും ബി ബാച്ചിൽ 17 എണ്ണവുമാണുള്ളത്. ഇവയെ മൂന്നും നാലും വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയിൽ പങ്കെടുപ്പിക്കുന്നത്.
ജലഘോഷയാത്രയെ തുടർന്ന് മത്സര വള്ളംകളിയും നടക്കും. മന്ത്രിമാരായ കെ. രാജൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, വീണാ ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സ്മരണിക പ്രകാശനം ചലച്ചിത്രതാരം ജയസൂര്യ നിർവഹിക്കും.പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിക്കും.
മത്സര വള്ളംകളിയിൽ എ, ബി ബാച്ചുകളിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾക്ക് എൻഎസ്എസ് ഏർപ്പെടുത്തിയിട്ടുള്ള മന്നം ട്രോഫിയും മികച്ച രീതിയിൽ തുഴഞ്ഞെത്തുന്ന പള്ളിയോടത്തിന് എസ്എൻഡിപി യോഗം ഏർപ്പെടുത്തിയ ആർ. ശങ്കർ സുവർണ ട്രോഫിയും സമ്മാനിക്കും.