ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി
Tuesday, September 9, 2025 6:49 PM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 12 എംപിമാരൊഴികെ എല്ലാവരും വോട്ട് ചെയ്തെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷത്തെ 315 എംപിമാരും വോട്ട് രേഖപ്പെടുത്തി.
എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും ഇന്ത്യാ മുന്നണി സ്ഥാനാർഥിയായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ബി.സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ പാർലമെന്റ് മന്ദിരത്തിലെ എഫ്101 -ാം നമ്പർ മുറിയിലായിരുന്നു വോട്ടെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. പിന്നീട് അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളും വോട്ട് ചെയ്തു. എൻഡിഎ എംപിമാരെ ബാച്ചുകളായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പിനായി എത്തിച്ചത്.
നിലവിലെ അംഗബലം അനുസരിച്ചു 781 ആണ് ആകെ വോട്ട്. 391 വോട്ട് നേടുന്നയാൾ വിജയിക്കും. രാജ്യസഭയിൽ ഏഴ് അംഗങ്ങളുള്ള ബിജെഡിയും നാല് അംഗങ്ങളുള്ള ബിആർഎസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.