സാംസ്കാരിക വിനിമയ പരിപാടി ; വിദേശ സഞ്ചാരികൾ ടൂറിസം മന്ത്രിയുമായി സംവദിച്ചു
Tuesday, September 9, 2025 8:26 PM IST
തിരുവനന്തപുരം: എട്ടു ദിവസത്തെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം പ്രതിനിധി സംഘം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി സംവദിച്ചു. ടൂറിസം വകുപ്പ് നടത്തിയ അന്താരാഷ്ട്ര ഓണ്‍ലൈൻ പെയിന്റിംഗ് മത്സരത്തിന്റെ മൂന്നാം പതിപ്പിലെ വിജയികളും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പത്തു രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം പ്രതിനിധികളാണ് ഓണാഘോഷത്തിൽ പങ്കുചേരാനും നാടും നഗരവും തനതു ജീവിതവും നേരിൽ കണ്ടറിയാനും സംസ്ഥാനത്ത് എത്തിയത്. കേരള ഉത്തരവാദിത്ത ടൂറിസം (ആർ.ടി) മിഷൻ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ടൂറിസം മന്ത്രിയുടെ നിർദേശപ്രകാരം കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ ഓണത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരവാദിത്ത ടൂറിസം പ്രതിനിധി സംഘത്തെ സംസ്ഥാനത്ത് എത്തിച്ചത്. സെപ്റ്റംബർ നാലിന് ആരംഭിച്ച സന്ദർശനം 11 വരെ നീളും.
വിവിധ പ്രദേശങ്ങളിലെ ഓണാഘോഷങ്ങളിൽ പങ്കുചേരാനും ഗ്രാമീണ സമൂഹത്തോടൊപ്പം ഓണം ആഘോഷിക്കാനും സംഘത്തിന് അവസരം ലഭിച്ചു.