ദോഹയിൽ ഇസ്രയേൽ ആക്രമണം; മധ്യസ്ഥത അവസാനിപ്പിച്ചെന്ന് ഖത്തർ
Tuesday, September 9, 2025 9:23 PM IST
ദോഹ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ദോഹയിൽ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഖത്തർ. ഇസ്രയേൽ - പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് തങ്ങൾ പിൻമാറുകയാണെന്ന് ഖത്തർ അറിയിച്ചു.
അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരം കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല.
ഇസ്രയേലിന്റെ ഭീരുത്വമാണ് വെളിവായിരിക്കുന്നത്. ഖത്തര്‍ പരമാധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താനാകില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ആക്രമണം ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണെന്ന് ഹമാസ് വ്യക്തമാക്കി.