ട്രെയിൻ യാത്രികരുടെ മൊബൈല്‍ ഫോണുകള്‍ കവരുന്നയാളെ പിടികൂടി
Wednesday, September 10, 2025 4:03 AM IST
തിരുവനന്തപുരം: ട്രെയിൻ യാത്രികരുടെ വിലപിടിപ്പുളള മൊബൈല്‍ ഫോണുകള്‍ കവരുന്നയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്(ആര്‍പിഎഫ്) പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആര്‍പിഎഫിന്റെ തിരുവനന്തപുരം ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
യാത്രയ്ക്കിടെ തീവണ്ടിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരിക്കുന്ന പലരുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ ഉയർന്നതോടെ മോഷ്ടാവിനെ കണ്ടെത്താൻ ആര്‍പിഎഫ് പ്രത്യേക നിരീക്ഷണ സംഘത്തെ ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഛോട്ടാ ജഹീറിനെ പിടിക്കാന്‍ കഴിഞ്ഞത്. ഇയാളുടെ പക്കല്‍നിന്ന് നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
മോഷ്ടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുകയാണ് പതിവ്. ഇത്തരത്തില്‍ കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതവും ലഹരിവസ്തുക്കള്‍ വാങ്ങുകയും ചെയ്യുമെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ മുഹമ്മദ് ഹനീഫ് അറിയിച്ചു. തുടര്‍ന്ന് പ്രതിയെ റെയില്‍വേ പോലീസിന് കൈമാറി.