സ്ലിം ബ്യൂട്ടിയായി പുത്തൻ ഐഫോൺ എയർ
Wednesday, September 10, 2025 7:36 AM IST
കാലിഫോർണിയ: സ്മാർട്ട്ഫോണ്‍ പ്രേമികള്‍ക്ക് കാഴ്ചയില്‍ പുത്തൻ അനുഭവം സമ്മാനിച്ച് ഐഫോൺ എയർ (ഐഫോൺ 17 എയർ) പുറത്തിറക്കി ആപ്പിൾ. 5.6 എംഎം മാത്രം കനമുള്ള സ്ലിം ബ്യൂട്ടിയായാണ് പുത്തൻ ഐഫോൺ എത്തുന്നത്.
സിം-ട്രേ ഒഴിവാക്കി ഹാർഡ്വെയറില് കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് ഐഫോണ്‍ 17 എയറിനെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണാക്കി മാറ്റിയത്. പൂർണമായും ഇ-സിം സാങ്കേതികവിദ്യയിലുള്ളതാണ് ഐഫോണ്‍ എയർ. ടൈറ്റാനിയം ഫ്രെയിമിൽ നിർമിച്ച ഫോൺ നാല് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.
48 എംപിയുടെ ഫ്യൂഷന്‍ സിംഗിള്‍ കാമറയാണ് ഐഫോണ്‍ 17 എയറില്‍ പിന്നിലുള്ളത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് 18 എംപി സെന്‍ട്രല്‍ സ്റ്റേജ് ഫ്രണ്ട് കാമറയും. 4K വീഡിയോ റെക്കോർഡിംഗ് ഐഫോണ്‍ എയറില്‍ സാധ്യമാണ്.
6.5 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ, 120 ഹെർട്സ് ഡിസ്പ്ലെ, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, എ19 പ്രോ ചിപ്, എന്‍1 വൈ-ഫൈ ചിപ് (ആപ്പിളിന്റെ ആദ്യ വൈ-ഫൈ ചിപ്), കാമറ കണ്ട്രോള്, ആക്ഷന്‍ ബട്ടണ്‍, ആപ്പിള്‍ ഇന്റലിജന്‍സ് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.