"സംസാരിക്കുന്നതിനായി ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു'; ട്രംപിന് മറുപടിയുമായി മോദി
Wednesday, September 10, 2025 10:46 AM IST
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നുവെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
"ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് സഹകരണത്തിന്റെ അനന്തമായ സാധ്യതകള്‍ തുറക്കാന്‍ വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്. ഈ ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇരുരാജ്യങ്ങളുടെയും സംഘങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കുന്നതിനായി ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുരാജ്യത്തെയും ജനങ്ങളുടെ ശോഭനവും കൂടുതല്‍ മംഗളകരവുമായ ഭാവിക്കുവേണ്ടി നാം യോജിച്ചു പ്രവര്‍ത്തിക്കും.'- മോദി എക്സില്‍ കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യുഎസും തുടരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'- ട്രംപ് കുറിച്ചു.