പ്രണയം തുടരാൻ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18 വയസുകാരനെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി
Wednesday, September 10, 2025 2:40 PM IST
കൊച്ചി: സഹപാഠിയുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് പെൺകുട്ടി അറിയിച്ച സാഹചര്യത്തിൽ 18 വയസുകാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി.
ഹർജിക്കാരനുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹം എന്ന് വ്യക്തമാക്കി പെൺകുട്ടിതന്നെ സത്യവാംഗ്മൂലം ഫയൽ ചെയ്ത സാഹചര്യത്തിൽ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകർക്കും. കേസില്ലാതായാൽ ഹർജിക്കാരനും പെൺകുട്ടിയും ഒന്നിച്ച് സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത ഏറെയാണെന്നും കേസ് റദ്ദാക്കിയ ഉത്തരവിൽ ജസ്റ്റീസ് ജി. ഗിരീഷ് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പോക്സോ കോടതിയുടെ പരിഗണനയിലുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 18 വയസുകാരന് ഹൈക്കോടതിയെ സമീപിച്ചത്. സ്കൂളില്‍ സഹപാഠിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു ആണ്‍കുട്ടിക്കെതിരായ കേസ്.
2023-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 18 വയസുകാരനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടിക്ക് 17 വയസായിരുന്നു. 18 വയസാകാന്‍ ആറ് മാസം കൂടിയുണ്ടായിരുന്നു.
18 വയസായാല്‍ മാത്രമേ ഉഭയസമ്മത പ്രകാരമുളള ബന്ധമായി കണക്കാക്കാനാകുമായിരുന്നുള്ളു. കൗമാരചാപല്യമാണ് ക്രിമിനല്‍ കേസായി പരിഗണിച്ചതെന്ന് കോടതി വിലയിരുത്തി.