ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങി; അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ
Wednesday, September 10, 2025 4:35 PM IST
പത്തനംതിട്ട: ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയ അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡറെ സസ്പെൻഡ് ചെയ്തു. ഓഫീസ് അറ്റൻഡർ എസ്.ആർ. വിഷ്ണുവിനെയാണ്
സസ്പെൻഡ് ചെയ്തത്.
റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയുടെതാണ് നടപടി. പത്തനംതിട്ട യൂണിറ്റിലെ മുൻ ട്രാഫിക് എസ്ഐ ഡി.എസ്. സുമേഷ് ലാലിന് വേണ്ടി ഇയാൾ ടിപ്പർ ലോറി ഉടമകളിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
59,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇതിന് വിഷ്ണു 10,050 രൂപ കമ്മീഷൻ കൈപ്പറ്റി. വിജിലൻസ് കേസിൽ മുൻ ട്രാഫിക്ക് എസ്ഐ ഡി.എസ്. സുമേഷ് ലാൽ ഒന്നാം പ്രതിയാണ്. എസ്.ആർ. വിഷ്ണു രണ്ടാം പ്രതിയുമാണ്.