രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഒക്ടോബറിൽ തയാറെടുപ്പ് തുടങ്ങാൻ നിർദേശം
Wednesday, September 10, 2025 6:30 PM IST
ന്യൂഡൽഹി: നിർണായക തീരുമാനവുമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനാണ് നീക്കം.
ഒക്ടോബറിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമാനമായ ഒരു വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു. ഈ പ്രക്രിയ ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
ബിഹാർ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് തന്നെ പ്രത്യേക തീവ്ര പുനരവലോകനം (Special Intensive Revision - SIR) പ്രഖ്യാപിച്ചേക്കുമെന്നും വൃത്തങ്ങൾ പറയുന്നു. സിഇഒമാരുമായി നടത്തിയ യോഗത്തിൽ, എപ്പോൾ പുനരവലോകനത്തിന് തയാറാകാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു.
സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ഒക്ടോബറിൽ നടപടികൾ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നൽകി. മൂന്നര മണിക്കൂറിലധികം നീണ്ട ഈ യോഗത്തിൽ, പ്രത്യേക തീവ്ര പുനരവലോകനത്തിനുള്ള തയ്യാറെടുപ്പുകളും മറ്റ് കാര്യങ്ങളും ചർച്ച ചെയ്തു.
വോട്ടർമാരെ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക.