ഏഷ്യ കപ്പ് ക്രിക്കറ്റ്: യുഎഇയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം
Wednesday, September 10, 2025 9:58 PM IST
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
യുഎഇ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം 4.3 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശർമ 30 റൺസും ശുഭ്മാൻ ഗിൽ 20 റൺസും എടുത്തു. നായകൻ സൂര്യകുമാർ യാദവ് ഏഴ് റൺസെടുത്തു.
അഭിഷേക് ശർമയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജുനൈദ് സിദ്ദിഖിയാണ് യുഎഇയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ 57 റൺസിൽ ഓൾഔട്ടായിരുന്നു. 22 റൺസെടുത്ത അലിഷൻ ഷറഫുവിനും 19 റൺസെടുത്ത നായകൻ മുഹമ്മദ് വസീമിനും മാത്രമാണ് യുഎഇ നിരയിൽ പിടിച്ചുനിൽക്കാനായത്. യുഎഇ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. ശിവം ദുബെ മൂന്നും ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.