പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം
Wednesday, September 17, 2025 7:42 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം. ജന്മദിനത്തിൽ ആശംസ നേരാൻ മോദിയെ ഡോണൾഡ് ട്രംപ് ടെലിഫോണിൽ വിളിച്ചിരുന്നു. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന് സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി.
ഇന്ന് പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാർ സന്ദർശിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ' കാമ്പയിനിന്റെ ഉദ്ഘാടനം, സിക്കിൾ സെൽ കാർഡുകളുടെ വിതരണം, സ്വദേശി ഉത്പന്നങ്ങളുടെ പ്രചാരണം എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ അദ്ദേഹം ഇന്ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
11 വര്‍ഷമായി പ്രധാനമന്ത്രിയായി അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി, രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് ഇതര നേതാവ് എന്നീ നേട്ടം ഇക്കാലയളവിൽ സ്വന്തമാക്കി. 1950 സെപ്റ്റംബര്‍ 17ല്‍ ഗുജറാത്തിലെ വഡ്നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആര്‍എസ്എസ് പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്.