മലപ്പുറത്ത് കഞ്ചാവ് മിഠായികളുമായി വിദ്യാർത്ഥികളെ പിടികൂടി എക്സൈസ്; ലഹരി വിൽപന മുറുക്കാൻ കടയുടെ മറവിൽ
Wednesday, September 17, 2025 1:08 PM IST
മലപ്പുറം: വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റില്‍ കഞ്ചാവ് മിഠായികളുമായി ബൈക്കിലെത്തിയ രണ്ട് വിദ്യാർത്ഥികളെ പിടികൂടി. ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഗൂഢല്ലൂർ സ്വദേശികളായ ഇരുവരും മഞ്ചേരിയിലാണ് പഠിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഠായികൾക്ക് സമാനമായി പാക്കറ്റുകളിലാക്കിയ നിലയിൽ 125 ഗ്രാം കഞ്ചാവ് മിഠായികളാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്.
മഞ്ചേരിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്നാണ് മിഠായികള്‍ വാങ്ങിയതെന്ന് വിദ്യാർത്ഥികൾ എക്സൈസിന് മൊഴി നൽകി. ഇതേ തുടർന്ന് എക്സൈസ് സംഘം മുറുക്കാൻ കടയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ കഞ്ചാവ് മിഠായികൾ കടയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഞ്ചാവ് മിഠായികളുടെ പാക്കറ്റിൽ ഛത്തിസ്ഗഢിലെ ഒരു സ്ഥാപനത്തിന്റെ മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്സൈസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്കായി കോഴിക്കോട് റീജനല്‍ ലബോറട്ടറിയിലേക്ക് അയച്ചു.