ആസമിൽ വംശീയ അധിക്ഷേപവുമായി ബിജെപിയുടെ എഐ വീഡിയോ; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
Wednesday, September 17, 2025 1:51 PM IST
ഗോഹാട്ടി: ആസമിൽ മുസ്ലീംഗൾക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച എഐ വീഡിയോ വൻ വിവാദത്തിൽ. കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ എക്സിൽ പ്രചരിപ്പിച്ച വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്.
ബിജെപിയില്ലാത്ത ആസം എന്ന പേരിലാണ് ബിജെപി എഐ വീഡിയോയിലൂടെ വംശീയ അധിക്ഷേപം നടത്തിയത്. സംഭവം വിവാദത്തിലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ആസമിലെ പ്രസിദ്ധമായ ഇടങ്ങൾ മുസ്ലീം ഭൂരിപക്ഷമായി മാറുന്നതായാണ് എഐ വീഡിയോയിലുള്ളത്. ഇതുകൂടാതെ സർക്കാർ ഭൂമി മുസ്ലീം വിഭാഗം കൈയേറുന്നതായും കോൺഗ്രസ് പാർട്ടി പാകിസ്ഥാനുമായി സഖ്യത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ബിജെപി ഇല്ലാത്ത ആസമിൽ ബീഫ് നിയമവിധേയമാക്കുമെന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അനധികൃത കുടിയേറ്റം വർധിക്കുമെന്നും സംസ്ഥാനത്തെ ജനസംഖ്യയിൽ 90 ശതമാനവും മുസ്ലീംഗളായി മാറുമെന്നും വീഡിയോയിലൂടെ ബിജെപി പ്രചരിപ്പിക്കുന്നു.
ഇത്തരം പ്രവണതകൾക്കെതിരെ നിലകൊള്ളുന്നത് ബിജെപി മാത്രമാണെന്ന സന്ദേശം നൽകുന്ന തരത്തിലാണ് ദൃശ്യങ്ങളുടെ പ്രചരണം. ആസമിൽ തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്ക് പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിലുള്ള എഐ വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയകളിലൂടെ ബിജെപി പ്രചരിപ്പിച്ചിരുന്നു.