വേണ്ടിവന്നാൽ ശത്രുക്കളെ വീട്ടിൽ കയറി ഇല്ലാതാക്കും, പുതിയ ഇന്ത്യ ഒരു ഭീഷണികളെയും ഭയക്കുന്നില്ല: പ്രധാനമന്ത്രി
Wednesday, September 17, 2025 2:32 PM IST
ഭോപ്പാൽ: പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒന്നിനേയും ഭയപ്പെടുന്നില്ല. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പാക് സൈനിക മേധാവി അസിം മുനീറിന് പരോക്ഷ മറുപടിയായി മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാക്കിസ്ഥാൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം നീക്കം ചെയ്തു. നമ്മൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകര ക്യാമ്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധ സേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
75-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും മധ്യപ്രദേശിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.