പി.കെ. ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് ലഭിക്കുന്നതാണ് ബിസിനസ് വിസ: കെ.ടി. ജലീൽ
Wednesday, September 17, 2025 7:53 PM IST
കൊച്ചി: മലയാളം സർവകലാശാല ഭൂമി വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീൽ എംഎൽഎ. താൻ എവിടെയും ഒളിച്ചോടിയിട്ടില്ലെന്നും ജലീൽ പറഞ്ഞു.
തനിക്ക് എവിടെയും ബിസിനസ് വിസയില്ലെന്നും ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് ലഭിക്കുന്നതാണ് ബിസിനസ് വിസയെന്നും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു. വടക്കൻ പറവൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
മലയാളം സർവകലാശാല ഭൂമി വിഷയം നിയമസഭയിൽ കൊണ്ടുവരാൻ ലീഗിനെ വെല്ലുവിളിക്കുന്നതായും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു. തിരൂരിൽ പ്രതിഷേധം നടത്താനുള്ള ലീഗ് തീരുമാനം തിരൂർകാർക്ക് തന്നെ അറിയാമെന്നും ജലീൽ വ്യക്തമാക്കി.
മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ മാറ്റി കെ.ടി. ജലീലിനെ മന്ത്രിയാക്കിയത് മലയാളം സർവകലാശാല ഭൂമി തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിനെ തുടർന്നാണെന്നായിരുന്നു പി.കെ.ഫിറോസിന്റെ ആരോപണം.