തൃശൂരിന്റെ "മോശ' യാത്രയായി...
ഡേവിസ് പൈനാടത്ത്
Wednesday, September 17, 2025 8:38 PM IST
...റഫിദീമിൽ വന്ന് ഇസ്രായേൽക്കാരെ ആക്രമിച്ച അമലേക്യരെ നേരിടാൻ ജോഷ്വായെ അയച്ച മോശ, മലമുകളിൽ കയറി കരങ്ങളുയർത്തിപ്പിടിച്ച് പ്രാർഥിച്ചുകൊണ്ടിരുന്നു. മോശ കരങ്ങളുയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങൾ താഴുന്പോൾ അമലേക്യർക്കായിരുന്നു വിജയം...
(പഴയനിയമം. പുറപ്പാടിന്റെ പുസ്തകം -പതിനേഴാം അധ്യായം)
ആർച്ച്ബിഷപ്പിന്റെ ഔദ്യോഗികഭാരങ്ങൾ മാർ ആൻഡ്രൂസ് താഴത്തിന്റെ ഭദ്രമായ ചുമലുകളിലേക്കു പകർന്നുനൽകിയശേഷം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി പ്രഖ്യാപിച്ചു: എനിക്കിനി മോശയുടെ റോളാണ്. അമലേക്യർക്കെതിരേ സ്വന്തം ജനത്തിന്റെ വിജയത്തിനായി കൈവിരിച്ചുപിടിച്ച് പ്രാർഥിക്കുന്ന മോശ.
ആധുനിക ലോകത്തെ അസാന്മാർഗികതകളെ ജയിക്കാൻ കടുത്ത യുദ്ധം ചെയ്യേണ്ട ആൻഡ്രൂസ് പിതാവിനും വിശ്വാസികൾക്കും വേണ്ടി കൈവിരിച്ചുപിടിച്ച് പ്രാർഥിക്കാൻ എന്നും ഞാനുണ്ടാവും... പ്രാർഥനാ വാഗ്ദാനവുമായി വിശ്രമജീവിതത്തിലേക്കു പടിയിറങ്ങിയ തൂങ്കുഴിപ്പിതാവ് ഇതാ യാത്രയായിരിക്കുന്നു. മോശ ഇനിയില്ല..!
തൃശൂരിനെ ഏറെ സ്നേഹിച്ചു...
തൃശൂരിനെ ഏറെ സ്നേഹിച്ച തൂങ്കുഴിപ്പിതാവ് തന്റെ ജീവിതത്തിന്റെ സായാഹ്നകാലം ചെലവഴിക്കാൻ തെരഞ്ഞെടുത്ത സ്ഥലവും തൃശൂരായിരുന്നു. തൃശൂരിന്റെ സ്നേഹത്തണലിൽ ഇത്തിരിക്കാലംകൂടി എന്നു നിശ്ചയിച്ചപ്പോൾ നടത്തറ കാച്ചേരിയിലെ അതിരൂപത മൈനർ സെമിനാരിയാണ് പിതാവ് തനിക്കായി തെരഞ്ഞെടുത്തത്.
സാമീപ്യംകൊണ്ടുപോലും വിശുദ്ധി പ്രസരിപ്പിക്കുന്ന ഒരു സൽപ്പിതാവിന്റെ സാന്നിധ്യം പൗരോഹിത്യവഴിയിലെ ഇളമുറക്കാർക്ക് അന്നുമുതൽ ലഭിച്ചു. ദൈവപാതയിൽ അനുഭവജ്ഞാനത്തിന്റെ ഗോപുരംകയറിയ പിതാവിനെ ഗുരുവും വഴികാട്ടിയുമായി ലഭിക്കുന്ന പുണ്യം.
ആർച്ച്ബിഷപ് പദവിയിലായിരുന്നപ്പോൾ പിതാവിനെ വിശ്രമിക്കാൻ തൃശൂരുകാർ അനുവദിച്ചിരുന്നില്ല. സ്നേഹത്തോടെ പിതാവ് പറയും: ഇത്രയേറെ പൊതുപരിപാടികളുള്ള മറ്റൊരു സ്ഥലമുണ്ടോ... പിതാവിനെ ഏറെ സ്നേഹിച്ച തൃശൂരുകാർ 2006-ൽ അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷം ഒരു മഹാസംഭവമാക്കിയിരുന്നു.
പൂരനഗരിയിലെ മറ്റൊരു ജൂബിലിപ്പൂരം. കേന്ദ്ര ആഭ്യന്തരമന്ത്രിയും, അന്നത്തെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ വർക്കി വിതയത്തിലടക്കം ഇരുപതിലേറെ ബിഷപ്പുമാരും ആഘോഷങ്ങളിൽ പങ്കാളികളായി. മാർപാപ്പയുടെ അനുഗ്രഹസന്ദേശവുമായി വത്തിക്കാന്റെ പ്രതിനിധികളും.
സംഗീതം ഏറെ ഇഷ്ടം
തൃശൂരിൽ വന്നതിൽപിന്നെ ഇഷ്ടവിഷയങ്ങളായ വായനയ്ക്കും പാട്ടിനുമൊന്നും സമയം കിട്ടിയിരുന്നില്ലെന്നു വിടവാങ്ങൽവേളയിൽ പിതാവ് പറഞ്ഞിരുന്നു. അത്ര തിരക്കായിരുന്നു ഇവിടെ. ചെറുപ്പം മുതൽ കൂടെക്കൂടിയതാണ് സംഗീതവാസന. പള്ളി ക്വയറിലെ സ്ഥിരാംഗമായിരുന്നു ചാക്കോച്ചൻ (അതാണ് വീട്ടുകാരിട്ട പേര്). സെമിനാരിയിൽ നല്ലൊരു ഓർഗൻവാദകനും ക്വയർമാസ്റ്ററുമായി. പ്രായമായിട്ടും പാട്ടിഷ്ടം വിട്ടില്ല.
ഡ്രൈവിംഗിൽ കന്പം...
ഡ്രൈവിംഗിനോട് ഏറെ പ്രിയമായിരുന്നു പിതാവിന്. മുപ്പതാംവയസിൽ ഏഴുവർഷത്തെ വിദേശവാസംകഴിഞ്ഞു മടങ്ങിവരുന്പോൾ ഒരു ഇറ്റാലിയൻ മോട്ടോർസൈക്കിളും ഒപ്പമുണ്ടായിരുന്നു. തലശേരി രൂപതയിൽ വള്ളോപ്പിള്ളിപ്പിതാവിന്റെ സെക്രട്ടറിയച്ചനായി മോട്ടോർസൈക്കിളിൽ ഊരുചുറ്റി. മാനന്തവാടിയിൽ മെത്രാനായപ്പോൾ വാഹനം ജീപ്പായി. മലമുകളിലെ ഇടവകകളിലൊക്കെ സ്വയം ജീപ്പോടിച്ചെത്തുന്ന മെത്രാൻ വിശ്വാസികൾക്കു വിസ്മയക്കാഴ്ചയായിരുന്നു.
താമരശേരി ചുരവും കടന്ന് തൃശൂരിലെത്തിയപ്പോഴും ഡ്രൈവിംഗ് തുടർന്നു. പക്ഷേ, തൃശൂരുകാർക്ക് അതത്ര പിടിച്ചില്ല. മെത്രാൻ വണ്ടിയോടിക്കേണ്ടെന്നൊരു നിലപാട്. സ്നേഹക്കൂടുതൽ കൊണ്ടാവാമെന്നു പിതാവ്. ഇതു മനസിലായതോടെ ജില്ലയിൽ പിന്നെ സ്റ്റിയറിംഗ് തൊട്ടിട്ടില്ല. പക്ഷേ, പുറത്തേക്കു പോയാൽ ഓടിക്കും, നല്ല വേഗത്തിൽതന്നെ.
കർദിനാൾ മാർ വർക്കി വിതയത്തിൽ പൗരോഹിത്യ സുവർണജൂബിലി ആഘോഷവേദിയിൽ തൂങ്കുഴിപ്പിതാവിന്റെ ഡ്രൈവിംഗ് പാടവത്തെ അഭിനന്ദിച്ചിരുന്നു: ""കേരളത്തിൽ കാർ ഡ്രൈവ് ചെയ്യുന്ന ഏകമെത്രാൻ തൂങ്കുഴിയായിരിക്കും. കാറോടിക്കുന്നതുപോലെ സ്പീഡിലാണ് അദ്ദേഹം സഭയെ നയിക്കുന്നതും.'' 50 വർഷം മുന്പ് റോമിൽ ഒന്നിച്ചുപഠിക്കുന്പോൾ റോമിലെ റോഡുകളിലൂടെ തന്നെ പിന്നിലിരുത്തി അതിവേഗത്തിൽ ബൈക്ക് ഓടിച്ചിരുന്നതും അന്നു കർദിനാൾ അനുസ്മരിച്ചു.
എണ്പതു കടന്നിട്ടും ഡ്രൈവിംഗ് സീറ്റിനോടുള്ള മോഹം മാർ തൂങ്കുഴി വിട്ടിരുന്നില്ല. അമേരിക്കയിൽ ആ സമയത്തു പോകുന്പോൾപോലും തന്റെ അവിടത്തെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിവാങ്ങാൻ നേരത്തേ പറഞ്ഞേല്പിച്ചിരുന്നു അദ്ദേഹം!
അനുഗ്രഹം ഈ ജീവിതം
ഇടയഗണങ്ങൾക്ക് അനുഗ്രഹമായ, ദീർഘകാലജീവിതം തനിക്കു ദൈവം നൽകിയ അനുഗ്രഹമാണെന്നു പിതാവ് പലപ്പോഴും അനുസ്മരിച്ചിരുന്നു. അറുപതാം വയസിൽ, 1990-ൽ, ഹൃദയാഘാതം വന്നതാണ്. അന്ന്, ലണ്ടനിലെ സെന്റ് ആൽബർട്ട് സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇരുപതോളം ഇന്ത്യൻ മെത്രാന്മാരുമൊത്ത് ഒരുമാസത്തെ കോഴ്സിൽ പങ്കുചേരുന്പോഴായിരുന്നു അത്.
എട്ടു മണിക്കൂറിനുള്ളിൽ രണ്ടിലൊന്നു തീരുമാനമാകുമെന്നു ഡോക്ടർ തന്നോടു പറഞ്ഞതായി മാർ തൂങ്കുഴി അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് 2001-ൽ ഹൃദയത്തിന് നാലു ബൈപാസുകൾ വേണ്ടിവന്നു. രണ്ടുവട്ടവും തന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതു പരിശുദ്ധമാതാവിന്റെ രക്ഷാകരമായ ഇടപെടലാണെന്നു മാർ തൂങ്കുഴി വിശ്വസിച്ചിരുന്നു, ഏറ്റുപറയുകയും ചെയ്തിരുന്നു. തന്റെ ദീർഘായുസിന്റെ രഹസ്യം പരിശുദ്ധ അമ്മയുമായുള്ള ഉടന്പടിയാണെന്ന്, 92-ാം വയസിലെ മെത്രാഭിഷേക ജൂബിലി വേളയിലും മാർ തൂങ്കുഴി ആവർത്തിച്ചു.
ഇടയനായി 34 വർഷം
34 വർഷം മെത്രാനും മെത്രാപ്പോലീത്തയുമായി സഫലമായ കർമകാണ്ഡം പൂർത്തിയാക്കിയ പിതാവ് പിന്നെയും 18 വർഷം ഇടയദൗത്യം പൂർത്തിയാക്കിത്തന്നെയാണ് വിടചൊല്ലിയത്. വിശ്രമിക്കാൻ ആരും അദ്ദേഹത്തെ അനുവദിച്ചില്ല; വിശ്രമം അദ്ദേഹം ആഗ്രഹിച്ചതുമില്ല. ഇതിനിടെ മെത്രാഭിഷേകത്തിന്റെ സുവർണജൂബിലിയും ഗംഭീരമായി ആഘോഷിക്കാൻ ആ സ്നേഹപിതാവിനു ഭാഗ്യം ലഭിച്ചു. 2023 മേയിലായിരുന്നു ആഘോഷം.
കേരളത്തിലെ മൂന്നു രൂപതകളിൽ മെത്രാനായിരുന്ന, ജീവിച്ചിരുന്ന അവസാനത്തെയാളായിരുന്നു മാർ തൂങ്കുഴി. മെത്രാനും മെത്രാപ്പോലീത്തയുമായി 50 വർഷം പിന്നിട്ടാണ് പിതാവിന്റെ മടക്കം.