സെഞ്ചുറിയുമായി മന്ദാന, മൂന്ന് വിക്കറ്റുമായി ക്രാന്തി; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ
Wednesday, September 17, 2025 8:41 PM IST
ചണ്ഡീഗഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 102 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 190 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40.5 ഓവറിൽ നിൽക്കെ ഓസ്ട്രേലിയ ഓൾഔട്ടാവുകയായിരുന്നു. 45 റൺസെടുത്ത അന്നാബെൽ സതർലൻഡിനും 44 റൺസെടുത്ത എല്ലിസ് പെല്ലിക്കും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങാനായത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശർമ രണ്ട് വിക്കറ്റും രേണുക സിംഗും സ്നേഹ് റാണയും അരുന്ധതി റെഡ്ഢിയും രാധ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിലാണ് 292 റൺസാണ് എടുത്തത്. ഓപ്പണർ സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
117 റൺസാണ് സ്മൃതി എടുത്തത്. 91 പന്തിൽ 14 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്. ദീപ്തി ശർമ 40 റൺസും വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 29 റൺസും സ്കോർ ചെയ്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡാർസി ബ്രൗൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഷ്ലി ഗാർഡ്നർ രണ്ട് വിക്കറ്റും മേഖൻ ഷട്ടും അന്നബെൽ സതർലൻഡും താഹ്ലിയ മക്ഗ്രാത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയാണ് വിജയിച്ചത്. ശനിയാഴ്ചയാണ് പരന്പരയിലെ മൂന്നാം മത്സരം.