വികസന സദസ്: നിലപാടിൽ മലക്കം മറിഞ്ഞ് ലീഗ്
Friday, September 19, 2025 7:29 PM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വികസന സദസിൽ പങ്കെടുക്കുമെന്ന നിലപാടിൽ നിന്ന് പിന്മാറി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം. വികസന സദസിൽ പങ്കെടുക്കുമെന്ന ലീഗ് നിലപാട് വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെയാണ് പിന്മാറ്റം.
സംസ്ഥാന സർക്കാരിന്റെ വികസന സദസുമായി സഹകരിക്കില്ലെന്നും യുഡിഎഫ് നേതൃത്വത്തിൽ മറ്റൊരു പരിപാടി നടത്തുമെന്നാണ് പറഞ്ഞതെന്നും ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമവും വികസന സദസും ബഹിഷ്കരിക്കാൻ തീരുമാനിച്ച് നേരത്തെ യുഡിഎഫ് സർക്കുലർ പുറത്തിറക്കിയിരുന്നു. അതേസമയം, വികസന സദസിൽ പങ്കെടുക്കാതിരിക്കുന്നത് ഉചിതമല്ലെന്നായിരുന്നു മുസ്ലിം ലീഗ് ജില്ലാ നേതൃത്തിന്റെ നിലപാട്.
തദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണിതെന്നും പങ്കെടുക്കാതിരുന്നാൽ അത് എൽഡിഎഫ് പരിപാടിയായി മാറുമെന്നും ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു.
മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ നിലപാട് വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നാലെയാണ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് വിഷയത്തിൽ തിരുത്തലുമായി രംഗത്തെത്തിയത്. വിഷയത്തിൽ ലീഗ് നേതൃത്വം വിഭിന്ന അഭിപ്രായം പ്രകടിപ്പിച്ചത് തങ്ങളുടെ അറിവോടെ അല്ലെന്ന് യുഡിഎഫ് മലപ്പുറം നേതൃത്വവും വ്യക്തമാക്കിയിരുന്നു.