സ്കൂബ ഡൈവിംഗിനിടെ അപകടം; ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന് ദാരുണാന്ത്യം
Friday, September 19, 2025 7:49 PM IST
സിംഗപ്പൂർ: ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന് (53) ദാരുണാന്ത്യം. സിംഗപ്പൂരിൽവച്ച് സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തെ തുടർന്നായിരുന്നു അന്ത്യം. സുബിൻ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് സിംഗപ്പൂരിലെത്തിയത്.
2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ആസാം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളില്‍ സുബിൻ പാടിയിട്ടുണ്ട്. നിരവധി ആസാമീസ് നാടോടി ഗാന ആൽബങ്ങളും സുബിന്റേതായുണ്ട്.
സ്കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു.