തിരുവനന്തപുരത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപ്പന; യുവാവ് പിടിയിൽ
Monday, September 22, 2025 2:25 AM IST
തിരുവനന്തപുരം: സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. ചെറിയകൊണ്ണി രാജേഷ് ഭവനിൽ രാജേഷ് (43) എന്നയാളാണ് പിടിയിലായത്.
ആര്യനാട് എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ അരുവിക്കര ചെറിയകൊണ്ണി കടമ്പനാടിനടുത്ത് വച്ച് രാജേഷ് സഞ്ചരിച്ച വാഹനത്തിൽ നിന്നും വിദേശ മദ്യം കണ്ടെത്തി. തുടർന്ന് തുടർന്ന് പ്രതിയുടെ വീട്ടിൽ തെരച്ചിൽ നടത്തി ഡ്രൈ ഡേയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 30 കുപ്പി ബിയർ പിടിച്ചെടുക്കുകയും ചെയ്തു.
ആകെ 22 ലിറ്റർ മദ്യം തൊണ്ടിയായി ബന്തവസിലെടുത്തു. പ്രതി മദ്യവിൽപന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രാജേഷ് മുൻ അബ്ക്കാരി കേസ് പ്രതിയാണെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.