സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ തകർത്തു; ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ
Wednesday, September 24, 2025 11:32 PM IST
ദുബായ്: ഏഷ്യ കപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 40 റൺസിന് തകർത്തതോടെയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 128 റൺസിൽ ഓൾഔട്ടായി. 69 റൺസെടുത്ത സെയ്ഫ് ഹസൻ പൊരുതിയെങ്കിലും ബംഗ്ലാദേശിനെ വിജയിപ്പിക്കാനായില്ല. പർവേസ് ഹോസെയ്ൻ ഇമോൺ 21 റൺസുമെടുത്തു. മറ്റാർക്കും ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്സർ പട്ടേലും തിലക് വർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് എടുത്തത്. ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ 168 റൺസ് പടുത്തുയർത്തിയത്. 75 റൺസാണ് അഭിഷേക് ശർമ എടുത്തത്. 37 പന്തിൽ ആറ് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.
38 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 29 റൺസെടുത്ത ശുഭ്മാൻ ഗില്ലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി. തൻസിം ഹസൻ ഷാകിബും മുഷ്താഫിസുർ റഹ്മാനും മുഹമ്മദ് സായ്ഫുദീനും ഓരോ വിക്കറ്റ് വീതം എടുത്തു.
വ്യാഴാഴ്ച നടക്കുന്ന പാക്കിസ്ഥാൻ-ബംഗ്ലാദേശ് സൂപ്പർ ഫോർ മത്സരത്തിലെ വിജയി ആയിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ ഫോറിൽ ഇന്ത്യയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.