ലഡാക്കിൽ പോലീസ് വെടിയുതിർത്തത് ജീവൻ രക്ഷാർഥമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Thursday, September 25, 2025 1:31 AM IST
ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന സംഘർഷങ്ങൾക്ക് പിന്നിൽ സോനം വാംഗ് ചുകിന്റെ സമരവും പ്രസംഗങ്ങളുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസ് ജീവൻ രക്ഷാർഥമാണ് വെടിയുതിർത്തതെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കങ്ങളുണ്ടെന്നും സോനം നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് യുവാക്കളെ തെരുവിലേക്ക് ഇറക്കിയതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
പോലീസിന് നേരെ വലിയ ആക്രമണം ഉണ്ടായി. 30 സിആർപിഎഫ് ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. നാല് പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ലേ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കർഫ്യൂ തുടരുകയാണ്. പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം കർശന പോലീസ് വലയത്തിലാണ്. സിആർപിഎഫിന്റെ അടക്കം അധികസേനയെ സുരക്ഷാ കാര്യങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.