ലഡാക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം
Thursday, September 25, 2025 5:46 AM IST
ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബുധനാഴ്ച വൈകുന്നേരം 4ന് ശേഷം അക്രമസംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിന് കാരണമായത്. അക്രമസംഭവങ്ങളുടെ പഴയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ബുധനാഴ്ച വൈകുന്നേരം 4ന് ശേഷം മറ്റ് അനിഷ്ഠ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയത്. അതേസമയം, പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അർധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നാല് പേർ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ 80 പേർക്ക് സംഭവത്തിൽ പരിക്കേറ്റു.