സോനം വാംഗ്ചുക്കിന്റെ എൻജിഒയുടെ എഫ്സിആർഎ സർട്ടിഫിക്കറ്റ് റദ്ദാക്കി കേന്ദ്രം
Thursday, September 25, 2025 8:18 PM IST
ന്യൂഡൽഹി: സോനം വാംഗ്ചുക്കിന്റെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ് എജ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ.
എൻജിഒക്കെതിരെ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് നപടി. വിദേശനാണ്യവിനിമയ ചട്ടത്തിലെ സെക്ഷൻ 8,12,17,18 എന്നിവ വാംഗ്ചുവിന്റെ എൻജിഒ ലംഘിച്ചുവെന്നാണ് കേന്ദ്രസർക്കാർ ആരോപണം. ചട്ടങ്ങൾ ലംഘിച്ച് 3.35 ലക്ഷം രൂപ എഫ്സിആർഎ ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ആരോപിച്ചു.
എഫ്സിആർഎ ഫണ്ട് ഉപയോഗിച്ച വാങ്ങിയ ബസ് വിറ്റവകയിൽ കിട്ടിയ 3.3 ലക്ഷം രൂപയാണ് വാംഗ്ചു എഫ്സിആർഎ ഫണ്ടിൽ തന്നെ നിക്ഷേപിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് കേന്ദ്രസർക്കാർ വാദം. ഇതിന് പുറമേ പ്രാദേശികമായി കിട്ടിയ സംഭാവനകൾ എഫ്സിആർഎ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്ന ആരോപണവും വാംഗ്ചുവിനെതിരെ കേന്ദ്രസർക്കർ ഉയർത്തിയിട്ടുണ്ട്.
സ്വീഡനിൽ നിന്ന് പണം വാങ്ങിയതിലും കോവിഡുകാലത്ത് സംഭാവന തിരികെ നൽകിയതിലുമെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ ആരോപണം.