ഭൂമി തർക്കം; സഹോദരനെ ഉൾപ്പടെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
Thursday, September 25, 2025 9:31 PM IST
റാഞ്ചി: ജാർഖണ്ഡിൽ ഭൂമി തർക്കത്തെ തുടർന്ന് മൂന്ന് കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. 2019 ഫെബ്രുവരി 23 ന് സെറൈകേല-ഖർസ്വാൻ ജില്ലയിലെ ചാൻഡിൽ സബ് ഡിവിഷനിലെ പുഡിസിലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചുന്നു മാഞ്ചി എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം ചുന്നു മാഞ്ചി കുറ്റക്കാരനാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി സചീന്ദ്ര നാഥ് സിൻഹ വിധിച്ചു.
കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു സ്ഥലം വിറ്റിരുന്നു. വിറ്റ് കിട്ടിയ പണം നാല് സഹോദരന്മാർ പങ്കുവച്ചു. എന്നാൽ തനിക്ക് കുറച്ചു പണം മാത്രമേ ലഭിച്ചുവെന്ന തോന്നതിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
വാക്കുതർക്കത്തെ തുടർന്ന് ചുന്നു, തന്റെ സഹോദരൻ രവിയെയും ഭാര്യ കൽപനയെയും അവരുടെ മൂന്ന് കുട്ടികളെയും കൊലപ്പെടുത്തി. പിന്നീട് അയാൾ മറ്റൊരു സഹോദരനായ സിദ്ധുവിനെ വീട്ടിലെത്തി കോടാലി കൊണ്ട് വെട്ടി.
ചുന്നു അമ്മയെയും കോടാലി കൊണ്ട് ആക്രമിച്ചു, കൂടാതെ വീടും ഇരുചക്രവാഹനവും കത്തിച്ചു. സംഭവസ്ഥലത്ത് നിന്നും ചുന്നുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം ക്രൂരവും അപൂർവങ്ങളിൽ അപൂർവവുമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ വിധിച്ചുവെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹർഷ് വർധൻ പറഞ്ഞു.
ഫോറൻസിക് തെളിവുകളുടെയും 11 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് ചുന്നു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.