ഡിജി കേരള പദ്ധതി; ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചത് 21,87,667 പേര്
സ്വന്തം ലേഖിക
Friday, September 26, 2025 9:45 PM IST
കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായ കേരളത്തില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചത് 21,87,667 പേര്. വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നല്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതിയായ "ഡിജി കേരളം' സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
2022-ലാണ് ഡിജി കേരളം എന്ന ഡിജിറ്റല്‍ സാക്ഷരത യജ്ഞം സര്‍ക്കാര്‍ ആരംഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചപ്പോള്‍ സാധാരണക്കാര്‍ക്കത് ബാധ്യതയാകാതിരിക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി. വിവരശേഖരണ പ്രക്രിയ വഴി 14 വയസിന് മുകളിലുള്ള പൗരന്മാരില് ഡിജിറ്റല്‍ സാക്ഷരരല്ലാത്തവരെ കണ്ടെത്തി പരിശീലനം നേടിയ വോളണ്ടിയര്‍മാര്‍ മുഖേന അവര്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭിക്കുന്നതിനായി ശാസ്ത്രീയമായി തയാറാക്കിയ മോഡ്യൂളുകള്‍ ഉപയോഗിച്ച് പരിശീലനം നല്‍കുകയായിരുന്നു.
സംസ്ഥാനത്തെ 14 വയസ് മുതല്‍ 65 വയസുവരെയുള്ളവരെയാണ് നിര്‍ബന്ധിത മൂല്യ നിര്‍ണയത്തിന്റെ ഭാഗമാക്കിയത്. ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി മൂന്ന് ഘട്ടങ്ങള്‍ ആയാണ് നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ വിവരശേഖരണവും രണ്ടാംഘട്ടത്തില്‍ ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.
പരിശീലനം സിദ്ധിച്ചവര്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചോ എന്ന് മൂല്യ നിര്‍ണയം നടത്തുന്നതായിരുന്നു മൂന്നാംഘട്ടം. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, സാക്ഷരത മിഷന് പ്രേരക്മാന്, എസ്സി/എസ്ടി പ്രൊമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, എന്‍എസ്എസ്, എന്‍സിസി, എന്‍വൈകെ സന്നദ്ധ സേന വോളണ്ടിയര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, സന്നദ്ധ സംഘടനകള്‍, യുവതീയുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ ഉള്‍പ്പെട്ട ഡിജിറ്റല്‍ സാക്ഷരരായ വോളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിര്‍ണയവും നടത്തിയത്. ഇതിനായി ഒരു വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയിരുന്നു.
സാക്ഷരത എന്നാല്‍ എഴുത്തും വായനയും മാത്രമല്ല ഇന്റര്‍നെറ്റ് അധിഷ്ഠിത ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും കൂടിയാണെന്ന മാതൃകയാവാന്‍ ഇതിലൂടെ കഴിഞ്ഞു.