അഭിഷേക് ശര്‍മയ്ക്ക് അര്‍ധസെഞ്ചുറി; ശ്രീലങ്കയ്ക്ക് 203 റൺസ് വിജയ ലക്ഷ്യം
Friday, September 26, 2025 10:14 PM IST
ദുബായി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 203 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 202 റൺസ് നേടിയത്.
അർധസെഞ്ചുറി നേടിയ അഭിഷേക് ശർമയാണ് (61) ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും (39) തിലക് വർമയും(49) തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് വെടിക്കെട്ട് തുടക്കമായിരുന്നു.
നാല് റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ നഷ്ടമായെങ്കിലും അഭിഷേക് ശർമ പവർപ്ലേയിൽ തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. സൂര്യകുമാർ യാദവിനെ ഒരു വശത്ത് നിർത്തി അഭിഷേക് ഒറ്റയ്ക്കാണ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചത്.
ലങ്കൻ ബൗളർമാരെ മാറി മാറി പ്രഹരിച്ച അഭിഷേക് അതിവേഗം അർധസെഞ്ചുറിയും തികച്ചു. 22 പന്തിലാണ് താരം അമ്പതിലെത്തിയത്.