നിസങ്കയ്ക്ക് സെഞ്ചുറി; സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് ജയം
Saturday, September 27, 2025 3:59 AM IST
ദുബായ്: ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ശ്രീലങ്ക. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക മത്സരം സമനിലയിൽ തളച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് വഴിമാറി.
സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 202 റൺസെടുത്തത്. ലങ്കയ്ക്കായി പതും നിസങ്ക സെഞ്ചുറിയുമായി തിളങ്ങി. ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ.
ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിന്റെ (പൂജ്യം) വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പതും നിസങ്കയും കുശാല്‍ പെരേരയും തകര്‍ത്തടിച്ചു. ഇരുവരും ചേർന്ന് 127 റൺസ് അടിച്ചു കൂട്ടി. 32 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ കുശാല്‍ പെരേരയെ വരുൺ ചക്രവർത്തി മടക്കിയതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷയേറി.
എന്നാൽ നിസങ്ക ആക്രമണം തുടർന്നു. ചരിത് അസലങ്കയും (9 പന്തിൽ 5) കാമിന്ദു മെന്‍ഡിസും ( 7 പന്തിൽ 3) വേഗം മടങ്ങിയതോടെ ശ്രീലങ്ക പ്രതിരോധത്തിലായി. അവസാനഓവറിൽ ലങ്കയുടെ ലക്ഷ്യം 12 റൺസായിരുന്നു. ഓവറിലെ ആദ്യ പന്തില്‍ നിസങ്ക പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി. 58 പന്തില്‍ നിന്ന് 107 റണ്‍സെടുത്താണ് നിസങ്ക നേടിയത്.
പിന്നീട് ദസുൻ ഷനകയും തർത്തടിച്ചതോടെ അവസാന പന്തിൽ മൂന്ന് റൺസായിരുന്നു വിജയലക്ഷ്യം. അവസാനപന്തിൽ ഡബിളോടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് രണ്ട് റൺസിനിടെ രണ്ട് വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ പന്തിൽ തന്നെ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസാണെടുത്തത്. ഇന്ത്യയ്ക്കായി 31 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കം അഭിഷേക് 61 റൺസ് നേടി. ശുഭ്മാൻ ഗിൽ (4), സൂര്യകുമാർ യാദവ് (12) എന്നിവർ തിളങ്ങിയില്ല.
നാലാം നന്പറിൽ എത്തിയ തിലക് വർമയും (34 പന്തിൽ 49 നോട്ടൗട്ട്) അഞ്ചാം നന്പറിൽ ഇറങ്ങിയ സഞ്ജു സാംസനും (23 പന്തിൽ 39) ഇന്ത്യയുടെ മധ്യനിരയ്ക്കു ബലമേകി. ഹാർദിക് പാണ്ഡ്യ (2) വേഗത്തിൽ പുറത്തായപ്പോൾ അക്സർ പട്ടേൽ 15 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.