സിയാലിലെ ബിസിനസ് ജെറ്റ് ടെർമിനൽ 2000 സർവീസുകൾ പൂർത്തിയാക്കി
Saturday, September 27, 2025 4:44 AM IST
നെടുമ്പാശേരി: ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനൽ ഇതുവരെ പൂർത്തിയാക്കിയത് 2000 സർവീസുകൾ. 2022 ഡിസംബർ പത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണു സിയാലിലേത്. 2022 - 23 സാമ്പത്തികവർഷത്തിൽ 242 ചാർട്ടർ സർവീസുകളാണ് ഇവിടെ പൂർത്തിയാക്കിയത്. 2023 - 24 ൽ 708 സർവീസുകളും 2024 - 25 ൽ 714 പ്രൈവറ്റ് ജെറ്റ് ഓപ്പറേഷനുകളും സിയാൽ കൈകാര്യം ചെയ്തു.
നടപ്പ് സാമ്പത്തികവർഷത്തിൽ ഇതുവരെ 344 സർവീസുകളാണു പൂർത്തിയായത്. ഗൾഫ് രാജ്യങ്ങൾക്കുപുറമെ ലണ്ടൻ, മാലദ്വീപ്, ഹോങ്കോംഗ്, മോണ്ടെനിഗ്രോ, ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, തിരുപ്പതി എന്നിവിടങ്ങളിൽനിന്നാണു പ്രധാനമായും സർവീസുകൾ നടത്തുന്നത്.
2022 ഡിസംബറിൽ കൊച്ചിയിൽ നടന്ന ഐപിഎൽ ലേലം, 2023 മാർച്ച് മുതൽ ജൂൺ വരെ സംഘടിപ്പിച്ച വിവിധ ജി - 20 സമ്മേളനങ്ങൾ, 2022 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെ സംഘടിപ്പിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെ പോലുള്ള രാജ്യാന്തര സമകാലിക കലാ - സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയോടനുബന്ധിച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രൈവറ്റ് ജെറ്റുകൾ പറന്നിറങ്ങി.
2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന ജി - 20 യോഗത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങളാണു നെടുമ്പാശേരിയിലെത്തിയത്.