സ്കൂട്ടറിൽ കാർ തട്ടി ലോറിക്കടിയിൽപ്പെട്ട് ഐടി ജീവനക്കാരി മരിച്ചു
Saturday, September 27, 2025 5:02 AM IST
ഇരുമ്പനം: സ്കൂട്ടറിൽ കാർ തട്ടിയതിനെത്തുടർന്ന് റോഡിൽ വീണ ഐടി ജീവനക്കാരി പിന്നാലെ വന്ന ലോറിക്കടിയിൽപ്പെട്ട് മരിച്ചു. ഇരുമ്പനം മനയ്ക്കപ്പടിക്കു സമീപം കുഴിവേലിൽ വീട്ടിൽ പരേതനായ ഷാജിയുടെ മകൾ ശ്രീലക്ഷ്മി (23) യാണു മരിച്ചത്.
കാക്കനാട് ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി ജോലിക്കു പോകവെ വെള്ളിയാഴ്ച രാവിലെ 8.30ഓടെ വടക്കേ ഇരുമ്പനം എച്ച്പി പെട്രോൾ പമ്പിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം. ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടറിന്റെ മിററിൽ എതിരേ വന്ന കാർ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു.
റോഡിലേക്കു വീണ ശ്രീലക്ഷ്മിയുടെ തലയിലൂടെ പിന്നാലെ വരികയായിരുന്ന ടാങ്കർ ലോറി കയറിയിറങ്ങുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.