രാജ്യത്തെ പത്ത് മത്സ്യയിനങ്ങൾക്ക് ആഗോള സർട്ടിഫിക്കേഷൻ; നടപടികൾ അന്തിമഘട്ടത്തിൽ
Saturday, September 27, 2025 5:21 AM IST
കൊച്ചി: രാജ്യത്തെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്കു ആഗോള സർട്ടിഫിക്കേഷഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി ഉൾപ്പെടെയുള്ള ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടൻ പൂർത്തിയാക്കും. ആഗോള അംഗീകാരമുള്ള മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്സി) സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികളാണ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നത്.
എംഎസ്സി സർട്ടിഫൈഡ് സമുദ്രോത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണികളിൽ 30 ശതമാനം വരെ കൂടുതൽ വില ലഭിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത വർധിപ്പിക്കുമെന്നും എംഎസ്സി ഇന്ത്യ കൺസൾട്ടന്റ് ഡോ. രഞ്ജിത് ശുശീലൻ പറഞ്ഞു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്ട്) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷനുമടങ്ങുന്ന വിവിധ ഏജൻസികളുടെ പിന്തുണയോടെയാണു സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.