കുറുപ്പന്തറ കെഎസ്ഇബി ഓഫീസിലെ ചോർച്ച; പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കരാർ ജീവനക്കാരന് താഴെ വീണ് പരിക്ക്
Saturday, September 27, 2025 7:48 AM IST
കോട്ടയം: കെഎസ്ഇബി ഓഫീസിലെ ചോർച്ച പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കരാർ ജീവനക്കാരന് ഏണിയിൽ നിന്ന് വീണ് പരിക്കേറ്റു. കുറുപ്പന്തറ കെഎസ്ഇബി ഓഫീസിലെ കരാർ ജീവനക്കാരൻ കെ.കെ. കുഞ്ഞുമോന് ആണ് പരിക്കേറ്റത്.
ഓഫീസിലെ സീലിംഗിലെ ചോർച്ച പ്രശ്നം പരിഹരിക്കാൻ കയറിയ കുഞ്ഞുമോൻ താഴെ വീണ് തലയ്ക്കും മുഖത്തും പരിക്കേൽക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. കുഞ്ഞുമോനെ ഉടൻ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറുപ്പന്തറ കെഎസ്ഇബി ഓഫീസിൽ ഏറെ നാളായി ചോർച്ച പ്രശ്നം നിലനിന്നിരുന്നതായി ജീവനക്കാർ പറയുന്നു. വെള്ളിയാഴ്ച ജില്ലയിലുണ്ടായ കനത്ത മഴയിൽ ഓഫീസിനുള്ളിൽ വെള്ളം നിറഞ്ഞതിനെ തുടർന്നാണ് ചോർച്ച പരിഹരിക്കാൻ ജീവനക്കാരൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചത്.