യുഎൻ പൊതുസഭയിൽ വിദേശകാര്യമന്ത്രി ഇന്ന് സംസാരിക്കും; പാക് ആരോപണങ്ങൾക്ക് മറുപടി നൽകുമെന്ന് വിലയിരുത്തൽ
Saturday, September 27, 2025 8:12 AM IST
വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ വിദേശകാര്യമന്ത്രി ഡോ. എസ്.ജയ്ശങ്കർ ഇന്ന് അഭിസംബോധന ചെയ്യും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷബാസ് ഷെരീഫിന്റെ ആരോപണങ്ങൾക്ക് എസ്.ജയ്ശങ്കർ മറുപടി നൽകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ സമയം രാത്രി 10.30ന് ആണ് വിദേശകാര്യ മന്ത്രി യുഎൻ പൊതുസഭയിൽ സംസാരിക്കുക. ഇന്ത്യ-പാക് സംഘർഷത്തിനിടെ ഏഴ് ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ തകർത്തതായി ഷബാസ് ഷെരീഫ് അവകാശപ്പെട്ടിരുന്നു.
ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്ത പാക് വ്യോമസേനയെ ഷബാസ് ഷെരീഫ് പ്രസംഗത്തിനിടെ പ്രശംസിക്കുകയും ചെയ്തിരുന്നു. മേയ് മാസത്തിൽ പാക്കിസ്ഥാന് പ്രകോപനമില്ലാതെ ആക്രമണം നേരിടേണ്ടി വന്നിരുന്നുവെന്നും തുടർന്ന് പ്രതിരോധം തീർത്തെന്നുമാണ് സംഘർഷത്തെ കുറിച്ച് പാക് പ്രധാനമന്ത്രി പറഞ്ഞത്.
നേരത്തെ പാക്കിസ്ഥാൻ അഞ്ച് ഇന്ത്യൻ യുദ്ധ വിമാനങ്ങളെ തകർത്തതായി ആരോപണം ഉന്നയിച്ചിരുന്നു. പാക് വാദത്തെ അടിസ്ഥാന രഹിതമായ ആരോപണം എന്ന് വിശേഷിപ്പിച്ച് കേന്ദ്രസർക്കാർ തള്ളിക്കളയുകയായിരുന്നു.