വീട്ടിൽ നിന്നും പണം മോഷ്ടിച്ച മകളെ കൊന്നു; പിതാവ് അറസ്റ്റിൽ
Saturday, September 27, 2025 9:17 AM IST
ലക്നോ: വീട്ടിൽ നിന്നും പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മകളെ കൊന്ന പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ബിചൗല ഗ്രാമത്തിലാണ് സംഭവം.
ഏഴാം ക്ലാസ് വിദ്യാർഥിനി സോനം (13) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ, അനുപ്ഷഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പാലത്തിനടിയിലെ കുറ്റിക്കാട്ടിൽ നിന്നാണ് യൂണിഫോം ധരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ അന്വേഷണത്തിൽ, പെൺകുട്ടി വ്യാഴാഴ്ച സ്കൂളിൽ പോയിരുന്നതായും വൈകിട്ട് സ്കൂൾ കഴിഞ്ഞ് പിതാവ് അജയ് ശർമ(40) കൂട്ടിക്കൊണ്ടുപോയതായും കണ്ടെത്തി.
തുടർന്ന് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, വീട്ടിലേക്ക് പോകുന്നതിനിടെ മകളെ വയലിലേക്ക് കൊണ്ടുപോയെന്നും കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു.
തുടർന്ന്, മകൾ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ പോയെന്നും അടുത്ത മൂന്ന്, നാല് ദിവസത്തേക്ക് സ്കൂളിൽ തിരികെ വരില്ലെന്നും ഇയാൾ സ്കൂളിൽ അറിയിച്ചു.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൾ വീട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് ഭാര്യയുമായി താൻ വഴക്കുണ്ടാക്കിയെന്നും ഇയാൾ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.