വികലമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; യുഎന്നിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Saturday, September 27, 2025 10:00 AM IST
ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മറുപടിയുമായി ഇന്ത്യ.
പാക്കിസ്ഥാൻ ഭീകരവാദത്തെ മഹത്വപ്പെടുത്തുകയും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയുമാണെന്ന് യുഎന്നിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗലോട്ട് പറഞ്ഞു.
ഷെരീഫിന്റെ പ്രസ്താവനകള്‍ അസംബന്ധ പരാമര്‍ശങ്ങളാണെന്നും പാക്കിസ്ഥാന് ഒരിക്കല്‍ക്കൂടി വികലമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എത്ര നുണകള്‍ ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ല. ജമ്മുകാഷ്മീരില്‍ വിനോദ സഞ്ചാരികളെ പാക് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. ആഗോള ഭീകരര്‍ക്ക് എന്നും അഭയസ്ഥാനമാണ് പാക്കിസ്ഥാന്. ഒരു ദശാബ്ദത്തിലേറെയാണ് ഒസാമ ബിന്ലാദന് അഭയം നല്‍കിയത്. പാക്കിസ്ഥാനില്‍ ഭീകരവാദ ക്യാംപുകള്‍ നടത്തുന്നതായി മന്ത്രിമാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പെറ്റല്‍ ഗെലോട്ട് പറഞ്ഞു.
പാക് ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന് സിന്ദൂറിനിടെ മേയ് ഒന്പതുവരെ ഇന്ത്യക്കെതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി. എന്നാല്‍ മേയ് പത്തിന് വെടിനിര്‍ത്തലിന് പാക്കിസ്ഥാന് അഭ്യര്‍ഥിക്കുകയായിരുന്നു.
ഓപ്പറേഷന് സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതിന്റെ തെളിവുകള്‍ ലഭ്യമാണ്. അത് വിജയമാണെന്ന് പാക്കിസ്ഥാന് തോന്നുണ്ടെങ്കില്‍ ആ വിജയം ആസ്വദിക്കാന്‍ പാക്കിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞു.