കൊളംബിയൻ പ്രസിഡന്റിന്റെ വീസ റദ്ദാക്കുമെന്ന് യുഎസ്
Saturday, September 27, 2025 11:04 AM IST
വാഷിംഗ്ടൺ ഡിസി: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വീസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ന്യൂയോർക്കിൽ നടന്ന പലസ്തീൻ അനുകൂല തെരുവ് പ്രതിഷേധത്തിനിടെ നടന്ന "പ്രകോപനപരമായ പ്രവൃത്തികൾ' കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാനാണ് പെട്രോ ന്യൂയോർക്കിൽ എത്തിയത്. അവിടെ അദ്ദേഹം ട്രംപ് ഭരണകൂടത്തെ നിശിതമായി വിമർശിക്കുകയും കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്താരോപിച്ച് ബോട്ടുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങളിൽ ക്രിമിനൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ ആക്രമണങ്ങളിൽ നിരായുധരായ പാവപ്പെട്ട യുവാക്കൾ മരിച്ചതായും പെട്രോ ആരോപിച്ചു. എന്നാൽ, വെനസ്വേലയുടെ തീരത്ത് നടക്കുന്ന യുഎസ് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നാണ് വാഷിംഗ്ടണിന്റെ വാദം.
ന്യൂയോർക്കിലെ തെരുവിൽ മെഗാഫോണിലൂടെ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോ പെട്രോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
അമേരിക്കൻ സൈന്യത്തേക്കാൾ വലിയ ഒരു സൈന്യത്തിനായി സൈനികരെ സംഭാവന ചെയ്യാൻ അദ്ദേഹം ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. "ഇവിടെ ന്യൂയോർക്കിൽനിന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിലെ എല്ലാ സൈനികരോടും മനുഷ്യരാശിക്ക് നേരെ തോക്ക് ചൂണ്ടരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്! മനുഷ്യരാശിയുടെ ഉത്തരവ് അനുസരിക്കുക'. എന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.
അതേസമയം, പെട്രോയുടെ വിസയ്ക്ക് പകരം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിസ റദ്ദാക്കേണ്ടതായിരുന്നുവെന്ന് കൊളംബിയൻ ആഭ്യന്തര മന്ത്രി അർമാൻഡോ ബെനഡെറ്റി വെള്ളിയാഴ്ച രാത്രി എക്സിൽ കുറിച്ചു.