ചത്തീസ്ഗഡിൽ തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ
Saturday, September 27, 2025 11:28 AM IST
റായ്പുർ: ചത്തീസ്ഗഡിലെ റായ്പുരിൽ തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ. സാധാരണക്കാരെ പോലെ വാടക് വീട്ടിൽ താമസിച്ച് നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
ചങ്കോറഭട്ടയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ജഗ്ഗു കുർസം എന്ന രവി എന്ന രമേശ് (28), ഭാര്യ കമല കുർസം (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
റായ്പൂർ, ഭിലായ്, ദുർഗ് എന്നിവിടങ്ങളിൽ ഇവർ താമസിച്ചതായി പോലീസ് അറിയിച്ചു. ജഗ്ഗുവിന്റെ തലയ്ക്ക് എട്ട് ലക്ഷം രൂപയും കമലയ്ക്ക് അഞ്ച് ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 10 ഗ്രാം സ്വർണ ബിസ്ക്കറ്റ്, 1.14 ലക്ഷം രൂപ, രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഇവരുടെ കോൾ റിക്കാർഡുകൾ ഫോറൻസിക് വിദഗ്ധർ പരിശോധിച്ചുവരികയാണ്. മുതിർന്ന മാവോയിസ്റ്റ് കമാൻഡർമാർക്കായി മരുന്നുകൾ, സാധനങ്ങൾ തുടങ്ങിയവ ഇരുവരും ക്രമീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
പതിനൊന്നാമത്തെ വയസിലാണ് ജഗ്ഗു മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം അദ്ദേഹം ബീജാപ്പൂരിലെ കാടുകളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. പിന്നീട് ഡിവിഷണൽ കമ്മിറ്റി അംഗമായി (ഡിവിസി) ഉയർന്നു.
2014 ലാണ് ഭാര്യ കമല മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. പിന്നീട് ഏരിയ കമ്മിറ്റി അംഗമായി (എസിഎം). മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കിടെ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു.