അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം; പ്രതികൾ അറസ്റ്റിൽ
Saturday, September 27, 2025 12:46 PM IST
ലക്നോ: ഉത്തർപ്രദേശിൽ അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. അമോറ ജില്ലയിലെ ടിഗ്രി നിവാസിയായ നിഷു തിവാരി(30) ആണ് അറസ്റ്റിലായത്. കേസിൽ ജഹാൻവി(അർച്ചന) എന്ന യുവതിയും പിടിയിലായിട്ടുണ്ട്.
സെപ്റ്റംബർ 23 ന് നഖസ പോലീസ് സ്റ്റേഷൻ പരിധിയിൽ, 22 കാരിയായ അധ്യാപിക സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ദെഹ്പ ഗ്രാമത്തിന് സമീപം സ്കൂട്ടറിൽ എത്തിയ പ്രതി ഇവരുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിൽ അധ്യാപികയ്ക്ക് 30 ശതമാനം പൊള്ളലേറ്റു. സംഭവത്തെത്തുടർന്ന് അധ്യാപികയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി കല്യാൺപൂർ ഗ്രാമത്തിന് സമീപം നഖസ പോലീസ് നിഷുവിനെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതിയുടെ രണ്ട് കാലുകളിലും പരിക്കേറ്റു.
അറസ്റ്റ് ചെയ്ത നിഷു തിവാരിയെ പോലീസ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റൾ, രണ്ട് വെടിയുണ്ടകൾ, സ്കൂട്ടർ എന്നിവയും പോലീസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ, സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഡോ. അർച്ചന എന്ന യുവതിയുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് നിഷു പറഞ്ഞു. തന്റെ സഹോദരി ജഹാൻവിയും ഒരു സൈനികനും തമ്മിൽ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും എന്നാൽ ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതറിഞ്ഞ് തങ്ങൾ ബന്ധം അവസാനിപ്പിച്ചുവെന്നും അർച്ചന, നിഷുവിനോടു പറഞ്ഞു.
അർച്ചനയുടെ ആവശ്യപ്രകാരമാണ് പട്ടാളക്കാരന്റെ ഭാര്യയായ അധ്യാപികയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും ഇയാൾ വ്യക്തമാക്കി.
കൂടുതൽ അന്വേഷണത്തിൽ ജഹാൻവിയും ഡോ. അർച്ചനയും ഒരേ വ്യക്തിയാണെന്നും നിഷുവിനെ കബളിപ്പിക്കാൻ ഒന്നിലധികം ഓൺലൈൻ അക്കൗണ്ടുകൾ സൃഷ്ടിച്ചിരുന്നതായും പോലീസ് കണ്ടെത്തി.
വിവാഹിതയായ സ്ത്രീക്ക് മൂന്ന് കുട്ടികളുണ്ടെന്നും, ഭർത്താവിന് ഉറക്ക ഗുളികകൾ നൽകിയ ശേഷം നിഷുവിനൊപ്പം ഒളിച്ചോടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം, നിഷുവിനെയും ജഹാൻവിയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി എസ്പി കൂട്ടിച്ചേർത്തു.